കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റിൽ വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകളും കാർനെറ്റുകളും ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാരെ അധികൃതർ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തിറക്കിയ വിവരമനുസരിച്ച്, പതിവ് പരിശോധനയ്ക്കിടെ യാത്രക്കാർ സമർപ്പിച്ച രേഖകളിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
അന്താരാഷ്ട്ര കസ്റ്റംസ് ട്രാൻസിറ്റ് സംവിധാനത്തിന്റെ ഭാഗമായ അംഗീകൃത സ്ഥാപനങ്ങൾ നൽകിയതല്ല ഈ രേഖകളെന്ന് അധികൃതർ അറിയിച്ചു. രേഖകൾ പൂർണമായും വ്യാജമായി നിർമ്മിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ, അലയൻസ് ഇന്റർനാഷണൽ ഡി ടൂറിസം എന്നീ അംഗീകൃത സംഘടനകളുടെ ഗ്യാരണ്ടിയോ അംഗീകാരമോ ഇല്ലാത്ത രേഖകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കുവൈത്ത് ഇന്റർനാഷണൽ ഓട്ടോമൊബൈൽ ക്ലബ് നേരത്തെ തന്നെ കസ്റ്റംസ് വകുപ്പിനെ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര താൽക്കാലിക പ്രവേശന സംവിധാനത്തിന് കീഴിൽ അംഗീകൃത സ്ഥാപനങ്ങൾ നൽകാത്ത രേഖകൾ അതിർത്തികളിൽ സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പിടിയിലായ അഞ്ച് പേർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കസ്റ്റംസ് വകുപ്പ് അറിയിച്ചു.




