ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഔപചാരിക അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു. എക്സിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് അനുസൃതമായാകും അന്വേഷണം.വിഷയം വിശദമായി പരിശോധിക്കുന്നതിനായി ഒന്നിലധികം മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും കമ്മിറ്റി പ്രവർത്തിക്കുമെന്ന് രാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.






