തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. മാനേജ്മെന്റുകളുമായി സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കുന്നതായും കോടതി വിധി അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അറ്റോർണി ജനറൽ നൽകിയ നിർദേശപ്രകാരം മാത്രമേ നടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നും, അത് വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
1500ൽ താഴെ തസ്തികകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യേണ്ടത് 5000ത്തിലധികം ഒഴിവുകളാണെന്നും, അത് ചെയ്യാത്തവർക്ക് സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നാലു വർഷം കോടതിയിൽ പോകാതിരുന്നവർ ഇപ്പോൾ സമരം തുടങ്ങിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
മതവും ജാതിയും നോക്കി വിദ്യാഭ്യാസരംഗത്ത് കലുഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും, വിമോചന സമരം നടന്ന കാലഘട്ടം ഇന്നില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും, സമാധാനപരമായി മുന്നോട്ട് പോകുന്നതിനെതിരായ വെല്ലുവിളികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് എത്തിയിട്ടുണ്ടെന്നും, 75 ശതമാനം കാര്യങ്ങൾ ഇതിനകം നടപ്പിലാക്കിയതായി സർക്കാർ മറുപടി നൽകുമെന്നും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരുടെ തലത്തിൽ ചർച്ച നടത്തുമെന്നും, സഭാസമ്മേളനം പൂർത്തിയായ ശേഷം താനും കേന്ദ്രസർക്കാരുമായി സംവാദം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിശികയായ അധ്യാപകരുടെ ശമ്പളം ഉൾപ്പെടെ സർക്കാർ ആവശ്യമായ തുക വാങ്ങിയെടുക്കുമെന്നും, ഗാന്ധി ജയന്തി സർക്കുലറിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. താമസം പ്രശ്നമല്ല, വേണ്ട നടപടികൾ സമയബന്ധിതമായി സ്വീകരിക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.






