തൃശ്ശൂർ: കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പോലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് പന്ത്രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളിലായി പരിീശീലന പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം അത്യന്താപേക്ഷിതമാണെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ പറഞ്ഞു.
ഇത്തരം പരിശീലനങ്ങളിലൂടെ സ്വന്തം കഴിവുകൾ തിരിച്ചറിയാനും ഉള്ളിലെ ഭയത്തെ അതിജീവിക്കാനും അവർക്ക് സാധിക്കും. ഏതൊരു അപകട സാഹചര്യത്തിലും ഭയപ്പെടാതെ സമയോചിതമായി പ്രതികരിക്കാൻ മുൻകൂട്ടിയുള്ള ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ സഹായകരമാകും.
ശാരീരിക ശക്തിയോടൊപ്പം മനസ്സിന്റെ കരുത്തും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിലൂടെ സ്ത്രീകൾക്ക് തങ്ങൾ നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടാനും സ്വയം സംരക്ഷിക്കാനും സാധിക്കുമെന്ന ബോധ്യത്തിലാണ് വിപുലമായ രീതിയിലുള്ള ഈ പരിശീലനം നൽകിയത്. തൃശ്ശൂർ റൂറൽ വനിതാ സെല്ലിലെ പോലീസുദ്ദ്യോഗസ്ഥരും മാസ്റ്റർ ട്രെയ്മനർ മാരുമായ എ എസ് ഐ ജിജി, എ എസ് ഐ സിന്ധു, എസ് സി പി ഒ ഷാജമോൾ എന്നിവരാണ് സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം പരിശീലനം നൽകി വരുന്നത്.
കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, കൊടുങ്ങല്ലൂർ ഗവ. ബോയ്സ് സ്കൂൾ, വാടാനപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട എൽ.എഫ് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂൾ, അന്നനാട് യൂണിയൻ ഹയർ സെക്കന്ററി സ്കൂൾ, മുപ്ലിയം വിമല ജ്യോതി സെൻട്രൽ സ്കൂൾ, ചേർപ്പ് സി.എൻ.എൻ സ്കൂൾ, ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂൾ, ചാലക്കുടി മേലൂർ നിർമല കോളേജ്, മതിലകം സെന്റ് ജോസഫ്, വല്ലച്ചിറ ഗവ. യു.പി സ്കൂൾ എന്നീ പന്ത്രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ഈ പരിശീലന പരിപാടിയുടെ ഭാഗമായത്.




