കോട്ടയം: പുതുതായി ചുമതല ഏറ്റ കൊച്ചി ഡെപ്യുട്ടി മേയർ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു.
ഇതേ തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് ജോയ് പ്രതികരിച്ചു.
കൊച്ചിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റതോടെ കൂടുതൽ ചെറുപ്പമായെന്നും ദീപക് ജോയിയുടെ സ്‌ഥാനലബ്‌ധി യുവാക്കൾക്ക് കോൺഗ്രസ് പാർട്ടി നൽകുന്ന അംഗീകാരത്തിന് തെളിവാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പുതുപ്പള്ളിയിൽ പറഞ്ഞു.






