കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ ഓഫറുകള്‍ അവതരിപ്പിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായാണ് ഫ്രീഡം സെയില്‍ ഓഫറുകള്‍. തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്.
ഓഗസ്റ്റ് 10-ന് www.airindiaexpress.com-epw എയര്‍ ഇന്ത്യ എക്സ്പ്രസ് മൊബൈല്‍ ആപ്പിലുമാണ് ഫ്രീഡം സെയില്‍ ആരംഭിച്ചത്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുര്‍ഗാ പൂജ, ദീപാവലി, ക്രിസ്മസ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ അവതരിപ്പിക്കുന്നത്.
യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നത്. ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെ കാബിന്‍ ബാഗേജ് മാത്രമായി യാത്രചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്സ്പ്രസ് ലൈറ്റ് വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകള്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 1379 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
116 വിമാനങ്ങളും 500-ലധികം പ്രതിദിന സര്‍വീസുകളുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, 38 ആഭ്യന്തര എയര്‍പോര്‍ട്ടുകളിലേക്കും 17 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നുണ്ട്.






