ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 12 യാത്രക്കാർക്ക് പരിക്കേറ്റു. എയർബസ് A320 വിഭാഗത്തിലുള്ള AI2379 വിമാനമാണ് ശക്തമായ കാറ്റിലും കുലുക്കത്തിലുംപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സംഭവത്തിനുശേഷവും വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. പരിക്കേറ്റ യാത്രക്കാരെ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി ചികിത്സ നൽകി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ അധികൃതരുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ശക്തമായ കുലുക്കത്തെ തുടർന്ന് വിമാനത്തിനുള്ളിലെ സീലിംഗിൽ വിള്ളലുകൾ ഉണ്ടായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ തലയിടിച്ചതാകാം സീലിംഗിന് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.




