മലപ്പുറം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ലൈസൻസ്ഡ് ഇലക്ട്രിക്കൽ തൊഴിലാളികളുടെയും കരാറുകാരുടെയും തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (എ.കെ.എൽ.ഡബ്ല്യൂ എ)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 5-ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ട് കെ.എസ്.ഇ.ബി നടപ്പിലാക്കിയ ‘സെൽഫ് ഡിക്ലറേഷൻ’ രീതിയും തൊഴിലാളി വിരുദ്ധമായ 804/2025 നമ്പർ കരിനിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പതിറ്റാണ്ടുകളായി ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ വഴിയാധാരമാക്കുന്ന ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെയും, സിവിൽ കരാറുകാർ ഇലക്ട്രിക്കൽ ജോലികൾ തട്ടിയെടുക്കുന്നതിനെതിരെയുമാണ് ഈ അതിജീവന പോരാട്ടം.
നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, കുടിശ്ശികയുള്ള ക്ഷേമ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, 15 വർഷത്തിലധികം പഴക്കമുള്ള ഇൻസ്റ്റലേഷനുകളിൽ സുരക്ഷാ പരിശോധന കർശനമാക്കുക തുടങ്ങിയ 16 ഇന ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. ഫെബ്രുവരി 5-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ധർണ്ണയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കും.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും, അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അറിയിക്കുന്നുവാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അബ്ദുൽ നാസർ ഫൗസിയ , പ്രസിഡൻ്റ് അഷറഫ് അമ്പാടി, വൈസ് പ്രസിഡൻ്റ് ഒപി മജീദ്, സ്റ്റേറ്റ് സെക്രട്ടറി പി ശിഹാബ്, വൈസ് പ്രസിഡൻ്റ് ഹംസ പാക്കി നി , ജോ.സെക്രട്ടറി കെ ഇ മുജീബ് പങ്കെടുത്തു.




