കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈയിലെ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ചാണ് രണ്ട് പ്രതികളും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയെ സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. അറസ്റ്റിലായ ഒന്നാം പ്രതി നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കുട്ടമശ്ശേരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അക്രമം തടയുന്നതിനുള്ള നിയമത്തിലെ കർശന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ. ആലുവ സിഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദ് റിസ്വാനെ അറസ്റ്റ് ചെയ്തത്.












