ന്യൂഡൽഹി: എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തള്ളി ജെഡിയു. ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിലപാടിൽ മാറ്റമില്ലെന്നും ജെഡിയു അറിയിച്ചു. ഇക്കാര്യത്തിൽ നിതീഷ് കുമാറും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ട്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജൂലൈയിൽ മധ്യപ്രദേശ് നിയമസഭയും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു.
ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത നിയമവ്യവസ്ഥ നിലവിൽ വരും. എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും ഇതിലുണ്ട്.
മതപരമായ ആചാരങ്ങൾ അനുസരിച്ച് വിവാഹം നടത്താമെങ്കിലും 60 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്ക് 18 വയസും പുരുഷന്മാർക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. ബഹുഭാര്യത്വവും ബഹുഭർതൃത്വവും നിരോധിക്കുന്നതിനൊപ്പം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഏകീകൃത വിവാഹമോചന നടപടിക്രമവും നിയമത്തിലുണ്ടാകും.
104 പേജുള്ള ബില്ലിൽ ലിവ്-ഇൻ ബന്ധങ്ങൾ സംബന്ധിച്ചും നിർണായക വ്യവസ്ഥകളുണ്ട്. പങ്കാളികൾ താമസിക്കുന്ന ജില്ലയിൽ ബന്ധം രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. രജിസ്ട്രേഷൻ നടത്താത്തവർക്ക് മൂന്ന് വർഷം വരെ തടവ് ഉൾപ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകളുമുണ്ട്.
ലിവ്-ഇൻ ബന്ധം അവസാനിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് വിവാഹിതരായ സ്ത്രീകൾക്ക് സമാനമായി ജീവനാംശത്തിനുള്ള അവകാശവും ബിൽ ഉറപ്പുനൽകുന്നുണ്ട്.
അതേസമയം, ഗോത്രവർഗ വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരുടെ നിലവിലുള്ള വ്യക്തിനിയമങ്ങൾ തുടർന്നും ബാധകമാകും.


