ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) യോഗത്തിന് മുന്നോടിയായി ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തുന്നതായി ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന്റെ തലയ്ക്കുള്ള പാരിതോഷികം പാക്കിസ്ഥാൻ വർധിപ്പിച്ചു.
നേരത്തെ 50 ലക്ഷം പാക്കിസ്ഥാൻ രൂപയായിരുന്ന പാരിതോഷികം 70 ലക്ഷം രൂപയായാണ് ഉയർത്തിയത്. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ‘റെഡ് ബുക്കിൽ’ മസൂദ് അസറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ സഹായത്തോടെ ഒളിവിൽ കഴിയുകയാണ് മസൂദ് അസറെന്നാണ് ഇന്ത്യയുടെ ആരോപണം. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസർ ജെയ്ഷെ മുഹമ്മദിന്റെ തലവനാണ്.
അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ചില ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ പേരുകൾ പാക്കിസ്ഥാന്റെ ഭീകരപട്ടികയിൽ നിന്ന് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയാണ് FATF. അടുത്തമാസം പാരീസിലാണ് FATF യോഗം നടക്കുന്നത്. യോഗത്തിന് മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പാരിതോഷികം വർധിപ്പിച്ചതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.




