കൊച്ചി: ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി. ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിക്കുകയും ചെയ്തു. മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം സംഘം യുവാവിനെ വഴിയിൽ തള്ളി.
കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്. മർദനത്തിനിടെ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂർ കവലയിൽ ഇറക്കി വിടുകയായിരുന്നു. ഉപദ്രവിച്ച കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




