ന്യൂഡൽഹി: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ പൊലീസിന് കൈമാറണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാർട്ടി തലത്തിൽ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു പാർട്ടി നേതാവിൽ നിന്ന് ഇത്തരം പ്രവൃത്തി ഉണ്ടായെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം വ്യക്തമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് അവർ അറിയിച്ചു.
അതേസമയം, ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ ആനി രാജ വിമർശിച്ചു. ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ ബിജെപി അനുഭാവിയുടെ റിസോർട്ടിൽ പാർപ്പിച്ചുവെന്നത് പ്രകോപനപരവും അംഗീകരിക്കാനാകാത്തതുമാണെന്നും ആനി രാജ പറഞ്ഞു.




