ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം തുടരുന്ന പ്രതിപക്ഷ സഖ്യം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ചിന് തീരുമാനമായത്.
ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വൈകിട്ട് മൂന്നോടെ പാർലമെന്റ് സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് അവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന.
പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന്റെ ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബർ ഏഴിന് ജന്തർ മന്തറിലേക്കും ഇന്ത്യാ സഖ്യം മാർച്ച് നടത്തിയിരുന്നു. മൂന്നാം ദിവസം മാർച്ച് ഒഴിവാക്കി ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി പ്രാർഥനയും സമാധാന ധർണയും സംഘടിപ്പിച്ചു.
ഇന്ന് പ്രതിഷേധം ശക്തമാകുമെന്ന വിലയിരുത്തലിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിൽ കേന്ദ്രസേനയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മാർച്ചിൽ മമത ബാനർജിയും പങ്കെടുക്കും
മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്നത്തെ മാർച്ചിൽ പങ്കെടുക്കും. ആദ്യം അഭിഷേക് ബാനർജി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് മമത നേരിട്ട് എത്തുമെന്ന് അറിയിക്കുകയായിരുന്നു.
കോക്രോച്ച് ജനതാ പാർട്ടിയും ഡൽഹിയിലേക്ക്
ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയും നാളെ ഡൽഹിയിലെത്തും. എന്നാൽ, പ്രതിഷേധത്തിന് ഇതുവരെ പൊലീസ് അനുമതി ലഭിച്ചിട്ടില്ല. മറ്റ് നഗരങ്ങളിൽ പ്രതിഷേധത്തിന് അനുമതി ലഭിച്ചിട്ടും ഡൽഹിയിൽ അനുമതി നിഷേധിക്കുന്നതെന്തിനെന്ന് പാർട്ടി കൺവീനർ അഭിജീത് ദീപ്കെ ചോദിച്ചു.
അതേസമയം, കേരളത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ഇന്ന് ലോക്ഭവനിലേക്ക് മാർച്ച് നടത്തും.




