മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അക്രമി തന്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റി, തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനിടെ ഉണ്ടായ സ്ഫോടനശബ്ദവും വെടിവെപ്പും പ്രദേശത്ത് ഭീതിയുണ്ടാക്കി.
ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് സംഭവം നടന്നത്. പ്രാർത്ഥനയ്ക്കിടെയാണ് വാഹനം ഇടിച്ചുകയറ്റി വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണം തുടരുകയാണ്.




