ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വീണ്ടും മുദ്രാവാക്യ വിവാദം. സംഭവത്തിൽ സർവകലാശാലയുടെ സുരക്ഷാ വിഭാഗം പൊലീസിൽ പരാതി നൽകി. ക്യാമ്പസിലെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
ഏകദേശം 35 പേർ സംഘംചേർന്ന് മുദ്രാവാക്യം വിളിച്ചുവെന്നും സർവകലാശാല യൂണിയൻ അധ്യക്ഷ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ജെഎൻയു ഉപാധ്യക്ഷയും മലയാളി വിദ്യാർത്ഥിനിയുമായ ഗോപിക ബാബുവിന്റെ പേരും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്നലെ ക്യാമ്പസിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദം ഉടലെടുത്തത്. പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കല്ലറ ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചുവെന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.
എന്നാൽ സാധാരണയായി ഉയരുന്ന മുദ്രാവാക്യങ്ങൾക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതികരിച്ചു.






