ഇറാൻ: ഇറാനിലെ അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്ക് നേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും രോഗികളെയും കുട്ടികളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അമേരിക്കൻ ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച സൈനിക ബാരക്കിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഹ്‌വാസിന് പുറമെ ഖെഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക്, ചഹാബഹാർ, കൊനാരക്, റാസ്ക് സിറ്റി, ഖൊണ്ടാബ്, ഖൊറമാബാദ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഏക സിവിലിയൻ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടുന്ന ഇറാന്റെ സൈനിക ശേഷിയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, ആൻഡിമേഷ്ക് നഗരത്തിന് മുകളിൽ അമേരിക്കയുടെ എംക്യു-9 ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു.
ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ ഊർജ നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.


