മുംബൈ: മുംബൈയിലെ പരൽ–അംബർനാഥ് ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30ഓടെ ട്രെയിനിന്റെ ലഗേജ് കോച്ചിലായിരുന്നു സംഭവം.
വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. ട്രെയിൻ കല്യാൺ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ സുരക്ഷാസേനയും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ ഇരുവർക്കും പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി.
വഴക്കിനിടെ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മൂർച്ചയേറിയ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
സംഭവത്തിൽ കല്യാൺ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു.




