തിരുവനന്തപുരം :അരുവിക്കരയ്ക്കു സമീപം ഇരുമ്പയിലിൽ സമൂഹവിരുദ്ധർ വാഴയും ചേനയുമടങ്ങുന്ന കൃഷികൾ വെട്ടിനശിപ്പിച്ചു. അരുവിക്കര ബാലഭദ്രാ ദേവീക്ഷേത്രത്തിനു സമീപം രേവതി നിലയത്തിൽ രവീന്ദ്രൻനായരുടെ 26 സെൻറ് കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ സമൂഹവിരുദ്ധർ അഴിഞ്ഞാടിയത്.
രാത്രിയിലെപ്പോഴോ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ 350 ചുവട് കപ്പ, പാളയംതോടൻ വാഴകൾ, 25 ചുവട് ചേന എന്നിവയും വെട്ടിനശിപ്പിച്ചു. വാഴകളിൽ ഭൂരിഭാഗവും കുലച്ചവയായിരുന്നു. ബുധനാഴ്ച രാവിലെ രവീന്ദ്രൻ നായർ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കൃഷികൾ നശിപ്പിച്ച വിവരം അറിയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം വരുമെന്ന് രവീന്ദ്രൻ നായർ പറഞ്ഞു.
അരുവിക്കര പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലം സന്ദർശിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. 1979മുതൽ വാട്ടർ അതോറിറ്റിയുടെ ഭൂമി പാട്ടത്തിനെടുത്താണ് ഇരുമ്പയിൽ രവീന്ദ്രൻനായർ കൃഷിചെയ്തുവരുന്നത്. ഈ ഭൂമിയെ സംബന്ധിച്ച് 2022മുതൽ രവീന്ദ്രൻനായരും വാട്ടർ അതോറിറ്റിയും തമ്മിൽ കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടയിലാണ് അജ്ഞാതർ കൃഷി നശിപ്പിച്ചത്.




