കോട്ടയം: വൈക്കം വെച്ചൂരിനടുത്തു കൂട്ടിയ നെല്ലിനു മുകളിൽ ശുചിമുറിമാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. ഇടയാഴം – കല്ലറ റോഡരികിൽ കോലാംപുറത്തുകരി പാടശേഖരത്തിലെ കൊയ്തെടുത്ത 22 ക്വിന്റൽ നെല്ലിന്റെ മുകളിലേക്കാണ് ശുചി മുറി മാലിന്യം തള്ളിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മാഞ്ഞൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം നോക്കി നടത്തുന്നത് ഇടയാഴം പ്രദേശത്തുള്ള ഇ.വി.സുകുമാരനാണ്. 12 ദിവസം മുൻപാണ് പാടശേഖരം കൊയ്യ്തു കഴിഞ്ഞത്. ലോറിയിലേക്കു കയറ്റാൻ ഉള്ള എളുപ്പത്തിന് റോഡിന് അടുത്താണ് കൂട്ടിയിട്ടത്.
ഈർപ്പം തട്ടത്തിരിക്കാൻ നെല്ല് പടുത ഇട്ട് മൂടുകയും ചെയ്തു. ശനിയാഴ്ച രാവിലെ പടുത മാറ്റി നോക്കിയപ്പോളാണ് കൂട്ടിയിട്ട നെല്ലിനടുത്ത് മാലിന്യം കണ്ടത്. തുടർന്ന് വെച്ചൂർ പഞ്ചായത്തിലും കൃഷി ഭവനിലും വിവരം അറിയിച്ചു. വൈക്കം പൊലീസിൽ പാടശേഖരസമിതി പരാതി നൽകിയിട്ടുണ്ട്.




