തിരുവനന്തപുരം: പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ ആരോഗ്യ വകുപ്പ് സമഗ്ര കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തുകയും ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തുകയും ചെയ്യും. കൂടുതൽ കേസുകൾ എത്തുന്ന ആശുപത്രികളെ ‘റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ’ ആയി തിരിച്ചറിഞ്ഞ് അവിടെ അധിക സൗകര്യങ്ങൾ ഒരുക്കും. ചികിത്സയിൽ വരുന്ന കാലതാമസവും പ്രത്യേകമായി നിരീക്ഷിക്കും.
ആശുപത്രികളെ ‘ഹബ് ആന്റ് സ്‌പോക്ക്’ രീതിയിൽ ക്രമീകരിച്ച് റഫറൽ സംവിധാനം ശക്തമാക്കും. ആന്റിവെനം ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ള അകന്ന പ്രദേശങ്ങളിലെ PHC/CHCകളിലും സൗകര്യം ഉറപ്പാക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറൽ ആശുപത്രികളും ശക്തിപ്പെടുത്തി ‘റെഡ് ഫ്‌ളാഗ്’ പ്രദേശങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ നൽകും. ഹമ്പ് നോസ് പിറ്റ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ പോലുള്ള പാമ്പുകളുടെ കടിയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോകോളുകളും നടപ്പാക്കും. ഡോക്ടർമാർക്ക് പാമ്പുകളെ തിരിച്ചറിയാൻ പരിശീലനവും നഴ്‌സുമാർക്ക് അടിയന്തര ശ്വാസവ്യാപാര സഹായ ഉപകരണങ്ങളിൽ പരിശീലനവും നൽകും.
സാമൂഹിക പങ്കാളിത്തം വർധിപ്പിച്ച് ‘വൺ ഹെൽത്ത്’ സമീപനത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുകയും, കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിംഗ് സംവിധാനങ്ങളും ബോധവത്കരണ പരിപാടികളും നടപ്പാക്കുകയും ചെയ്യും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും വർധിപ്പിക്കും.
സ്കൂൾ തലത്തിൽ ബോധവത്കരണം ശക്തിപ്പെടുത്തും. സർപ്പ വോളന്റിയർമാരുടെ സഹായത്തോടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയും, സോഷ്യൽ മീഡിയ ക്ലബ്ബുകൾ വഴി വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കുകയും ചെയ്യും. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികളും ഏകീകൃത ബോധവത്കരണ സാമഗ്രികളും വികസിപ്പിക്കും.
2025ൽ 133 ആശുപത്രികളിലായി 8456 വയൽ ആന്റി-സ്നേക്ക് വെനം വിതരണം ചെയ്തതിൽ 6382 വയൽ രോഗികൾക്ക് നൽകിയതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 18 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായും വ്യക്തമാക്കി. നിലവിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്.
കനിവ് 108 ആംബുലൻസ് സേവനം വഴി രോഗികളെ വേഗത്തിൽ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. സേവനം ആരംഭിച്ച ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പാമ്പുകടിയേറ്റ 75 പേരെയും സംശയിച്ച 62 പേരെയും സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാനായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 108 നമ്പറിൽ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
പാമ്പുകടിയേറ്റാൽ ഭീതിയില്ലാതെ ശാന്തത പാലിക്കുക, അനാവശ്യ ചലനം ഒഴിവാക്കുക, കടിയേറ്റ ഭാഗം അനക്കാതിരിക്കുക, മുറിവ് മുറുക്കിക്കെട്ടാതിരിക്കുക, ഉടൻ ആശുപത്രിയിൽ എത്തിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ പ്രധാന ലക്ഷ്യം.




