പത്തനംതിട്ട: ശബരിമലയിൽ മാസ പൂജയ്ക്ക് അരവണ നിർമ്മാണം പൂർണ്ണമായും തടസ്സപ്പെട്ട് വിതരണ പ്രതിസന്ധിയുണ്ടായ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ബോർഡിന്റെ കഴിയില്ലായ്മയും അനാസ്ഥയുമാണ് വിതരണ പ്രതിസന്ധിക്ക് കാരണമായതെന്നും, ഇത് മൂലം ദേവസ്വം ബോർഡിന് നാല് കോടി രൂപയിലധികം വരുമാന നഷ്ടമുണ്ടായെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ്. ഉണ്ണിത്താൻ ആരോപിച്ചു.
സാധാരണ രീതിയിൽ നട അടച്ചിരിക്കുന്ന സമയങ്ങളിലാണ് പ്ലാന്റിലെ മെഷീനുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. എന്നാൽ ഇത്തവണ മാസ പൂജ സമയത്ത് തന്നെ പ്ലാന്റ് പൂർണ്ണമായി അടച്ചിട്ട് വിതരണ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. അരവണ വിതരണം തടസ്സപ്പെട്ടതോടെ 4 കോടി രൂപയിലധികം രൂപയുടെ ഭീമമായ വരുമാന നഷ്ടമാണ് ബോർഡിനുണ്ടായതെന്നും ഇതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവിലെ ദേവസ്വം ബോർഡ് ഭാരവാഹികളെ നിയമിച്ചത് കഴിഞ്ഞ സർക്കാരാണെന്നും, സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ സർക്കാരിന് ഇതിൽ പരിമിതികളുണ്ടെന്നുമാണ് രജിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ബോർഡിന്റെ സ്വന്തം അപാകതകൾ മറച്ചുവെച്ച് നിലവിലെ സർക്കാരിന് മേൽ കുറ്റം ചാരനാണ് ചിലർ ശ്രമിക്കുന്നത്. ശബരിമലയിലെ അരവണ നിർമ്മാണത്തിലുണ്ടായ ഈ വൻ വീഴ്ചയ്ക്കെതിരെ ഭക്തജനങ്ങൾക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.













