തിരുവനന്തപുരം: 18-ാമത് കേരള ഡോക്യുമെന്ററി ചലച്ചിത്രോത്സവമായ ഐഡിഎസ്എഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമായതിനാലാണ് ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
347 സിനിമകളുടെ പ്രദർശനാനുമതിക്കാണ് അപേക്ഷ ലഭിച്ചത്. ഇതിൽ 291 സിനിമകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 20 ചിത്രങ്ങൾ വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നാല് ചിത്രങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഒരു ചിത്രത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെയും മറ്റൊന്നിന് സെൻസർ ബോർഡിന്റെയും അനുമതി വേണം. ആറ് സിനിമകളുടെ സംഗ്രഹവും പ്രദർശനത്തിനുള്ള സ്ക്രീനറും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയിലേക്കാണ് 31 ചിത്രങ്ങൾ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക മത്സര വിഭാഗത്തിലെ 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് നിലവിൽ പ്രദർശനാനുമതി ലഭിക്കാത്തത്. ‘ഗ്ലോബ്’ എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
‘പാർലമെന്റ് സ്ട്രീറ്റ്’, ‘സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്’, ‘ഗ്ലോബ്’, ‘മെമ്മറീസ് ഓഫ് എ വിൻഡോ’, ‘ബേഡ്‌സ് ഓഫ് വാർ’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, ‘ഔവർ ലാൻഡ്’ തുടങ്ങിയ ചിത്രങ്ങൾ അനുമതി ലഭിക്കാത്തവയിൽ ഉൾപ്പെടുന്നു.
ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് ഉൾപ്പെടെ അനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് അക്കാദമി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.


