കണ്ണൂർ: തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തു. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും. വിവിധ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യവുമായി പൊലീസ് റിപ്പോർട്ട് തയ്യാറാക്കുകയാണ്.
അതേസമയം, ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി കണ്ണൂർ സൈബർ പൊലീസ് തലശ്ശേരി സിജെഎം കോടതിയിൽ അപേക്ഷ നൽകി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനാണ് കസ്റ്റഡി അനിവാര്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത കേസിലും അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഊന്നുകൽ പൊലീസ് നീക്കം നടത്തുന്നുണ്ട്. ജയിലിലുള്ള അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം.
അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാനും യാത്ര ചെയ്യാനും സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും കണ്ണൂർ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.




