കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകുന്നതെന്ന് റൂറൽ എസ്.പി. അറിയിച്ചു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.പി. വ്യക്തമാക്കി.
അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും.
അർജുൻ ആയങ്കി ബുധനാഴ്ചയാണ് കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. ആയങ്കിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോതമംഗലം പൊലീസ് ഇന്ന് തലശേരി കോടതിയിൽ സമർപ്പിക്കും.
ഹൃത്ത് പ്രണവും ബന്ധു കുട്ടനും അർജുൻ ആയങ്കിക്ക് സഹായം നൽകിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ നടപടിയുടെ ഭാഗമായി ‘ഓപ്പറേഷൻ ഗ്രിപ്പ്’ തുടരുകയാണ്. ഗുണ്ടകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗുണ്ടകൾക്കെതിരായ നടപടികളുടെ വിശദാംശങ്ങൾ ദിവസേന പുറത്തുവിടേണ്ടതില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. നടപടികൾ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.




