ശ്രീനഗര്‍: പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടല്‍. സംശകരമായ സാഹചര്യത്തില്‍ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ലൂടെ മൂസയ്ക്കു പുറമേ ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും വധിച്ചു. ഇതില്‍ ജിബ്രാന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സോന മാര്‍ഗ് തുരങ്കനിര്‍മാണ സ്ഥലത്ത് ഒരു ഡോക്ടര്‍ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
സുലൈമാന്‍ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന ഹാഷിം മൂസ പാക്കിസ്ഥാന്‍ സൈന്യത്തിലെ കമാന്‍ഡോ ആയിരുന്നു. പിന്നീട് ഇയാള്‍ ലഷ്‌കറെ തയിബയില്‍ ചേര്‍ന്നു. 2023ല്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഹാഷിം കശ്മീരില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തി.






