ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. നാലംഗ സംഘം ശനിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ‘ഇന്റഗ്രിറ്റി’ എന്ന പേരിലുള്ള ഓറിയോൺ ബഹിരാകാശ പേടകം ക്യാപ്‌സ്യൂൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് കടലിൽ ഇറങ്ങിയത്.
മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിൽ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. ഈ സമയത്ത് 2,800 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടെങ്കിലും ശക്തമായ താപകവചം സഞ്ചാരികളെ സുരക്ഷിതരാക്കി. പിന്നീട് പാരഷൂട്ടുകൾ തുറന്ന് വേഗം കുറച്ചാണ് പേടകം കടലിൽ പതിച്ചത്. ഈ മുഴുവൻ പ്രക്രിയയെ ‘സ്പ്ലാഷ് ഡൗൺ’ എന്നാണ് വിളിക്കുന്നത്.
അന്തരീക്ഷ പ്രവേശനത്തിനിടെ പ്ലാസ്മ കാരണം ഏകദേശം ആറു മിനിറ്റ് ആശയവിനിമയം തടസ്സപ്പെട്ടത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ദൗത്യം വിജയകരമായി പൂർത്തിയാക്കി സംഘം മടങ്ങിയെത്തി.
ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ13 ദൗത്യത്തിന്റെ റെക്കോർഡ് മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന നേട്ടം സംഘം സ്വന്തമാക്കി. ചന്ദ്രന്റെ അപരിചിതമായ ഭാഗങ്ങൾ കാണാനും ബഹിരാകാശത്തിൽ നിന്ന് സൂര്യഗ്രഹണം നിരീക്ഷിക്കാനും ഇവർക്കായി.
ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്നാണ് ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രനിൽ മനുഷ്യരെ വീണ്ടും ഇറക്കാനുള്ള പദ്ധതിയിലെ പ്രധാന ഘട്ടമായ ഈ ദൗത്യത്തിന് പിന്നാലെ ആർട്ടെമിസ് III വഴി 2028ഓടെ മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് ലക്ഷ്യം.




