ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും ഗുജറാത്തിലും പ്രളയ സാഹചര്യം ഗുരുതരമായി. അസമിൽ ഇതുവരെ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 7.21 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേരാണ് മരിച്ചത്.
അസമിലെ 11 ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഒന്നര ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായാണ് കണക്ക്. 540-ഓളം മൃഗങ്ങളും 500-ലധികം പക്ഷികളും ചത്തതായി അധികൃതർ അറിയിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു.
അതേസമയം, ഗുജറാത്തിലും അതിശക്തമായ മഴ വ്യാപക നാശനഷ്ടമുണ്ടാക്കി. വൽസാദ് ജില്ലയിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,064 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സൂറത്ത്, നവ്സാരി ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലും വെള്ളം കയറിയതോടെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌കരമായി.
ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് കാരണമായത്. പാർപ്പിട സമുച്ചയങ്ങളും വ്യവസായ മേഖലകളും വെള്ളത്തിനടിയിലായി. 22,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ 1,200 പേരെ രക്ഷപ്പെടുത്തി. സൈന്യത്തെയും ദേശീയ ദുരന്തനിവാരണ സേനയെയും പ്രശ്നബാധിത മേഖലകളിൽ വിന്യസിച്ചതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ 20 ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പ്രളയത്തെ തുടർന്ന് ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




