മുംബൈ: ബാങ്കുകൾ എ.ടി.എം. ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്എം പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഉപയോഗിച്ച് ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് എടിഎം വഴി പണം പിൻവലിക്കുന്നതിനെ സാധാരണ എടിഎം ഇടപാടായി കണക്കാക്കും. അതിനാൽ സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, യു.പി.ഐ. വഴി പണം പിൻവലിച്ചാലും 23 രൂപയും ജി.എസ്.ടി.യും ഫീസ് ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകളുടെ ദിവസപരിധി കുറച്ചു. ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്ന കാർഡുകൾക്ക് ഇനി 50,000 രൂപ മാത്രമാകും പരിധി. 1.5 ലക്ഷം രൂപ പരിധിയുള്ള കാർഡുകൾക്ക് 75,000 രൂപയായി കുറയും. പ്ലാറ്റിനം, സെലക്ട്, ഗോൾഡ് കാർഡുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.
ബന്ധൻ ബാങ്ക് മാസത്തിൽ ലഭിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം പുതുക്കി. സ്വന്തം എടിഎംകളിൽ അഞ്ചു സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎംകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന്, മറ്റു നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളുമാണ് ഇനി ലഭിക്കുക. സാമ്പത്തികേതര ഇടപാടുകൾക്ക് ഫീസ് ഇല്ലെന്നും ബാങ്ക് അറിയിച്ചു.






