കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ഒട്ടക ഫാമിൽ കവർച്ചയ്ക്ക് ശ്രമിച്ച സംഘത്തെ യുവാവിന്റെ സാഹസിക ഇടപെടലിലൂടെ പിടികൂടി പൊലീസിന് കൈമാറി. സബാഹ് അൽ നാസർ സ്വദേശിയായ 28 കാരന്റെ സമയോചിതമായ ഇടപെടലാണ് മോഷണശ്രമം പരാജയപ്പെടുത്തിയത്.
സ്വന്തം ഫാമിലെത്തിയ യുവാവ് അലുമിനിയം-ഇരുമ്പ് ഘടനയിലുള്ള കുതിരലായം തകർത്ത് നാലംഗ സംഘം അകത്ത് കയറുന്നതു ശ്രദ്ധിച്ചു. മെറ്റൽ കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ലായത്തിനുള്ളിലെ രണ്ട് വിൻഡോ എയർ കണ്ടീഷണറുകൾ അഴിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു ഇവർ.
സംഭവം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിനെ അറിയിച്ച യുവാവ്, പ്രതികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ അധികൃതർക്കു നൽകുകയും ചെയ്തു. തുടർന്ന് എത്തിച്ചേർന്ന പൊലീസ് സംഘം നാലുപേരെയും പിടികൂടി. ഇവർ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് ഗ്രേ നിറത്തിലുള്ള മിത്സുബിഷി ജീപ്പിൽ അഞ്ചാമത്തെ ഒരാൾ രക്ഷപ്പെട്ടതായി യുവാവ് മൊഴി നൽകി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ലഭിച്ചില്ലെങ്കിലും യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.






