തൃശ്ശൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. സെക്യൂരിറ്റി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നൈറ്റ് ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിക്കായി പരിസരപ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
കോടതി പരിസരത്തെ വീട്ടിൽ നിന്നും ഒരു ബൈക്കും ഇതേ സമയത്ത് മോഷണം പോയിട്ടുണ്ട്. കോടതിയിൽ എത്തിയ മോഷ്ടാവ് തന്നെയാണോ ബൈക്ക് മോഷണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.










