കോട്ടയം: ജില്ലയിൽ നടന്നു വന്ന പതിനഞ്ചാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും റവ.ഡോ. സെഡ് എം. മുഴൂര്‍ രചിച്ച പ്രത്യാശയുടെ സങ്കീര്‍ത്തനം എന്ന ഗ്രന്ഥത്തിന്റെ പുനഃപ്രകാശനവും സംഘടിപ്പിച്ചു. ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് പുസ്തകപ്രകാശനം നിര്‍വഹിച്ചു.
ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി വി. എന്‍ വാസവനില്‍നിന്നും ഫാ. ജയിംസ് നീണ്ടുശേരി പുസ്തകം ഏറ്റുവാങ്ങി. പ്രഫഷണല്‍ നാടകങ്ങളെക്കുറിച്ചുള്ള അവലോകനം ജോസ് കെ. മാനുവല്‍ അവതരിപ്പിച്ചു.
തേക്കിന്‍കാട് ജോസഫ്, സിനിമ നിർമ്മിതാവ് ജോയി തോമസ്, പി.കെ. ആനന്ദക്കുട്ടന്, ജിജോ വി. ഏബ്രഹാം, ജേക്കബ് പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം അജന്ത തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച വംശം മികച്ച നാടകത്തിനുള്ള മുകളേല്‍ ഫൗണ്ടേഷന് എവറോളിംഗ് ട്രോഫിയും ഇരുപത്തയ്യായിരം രൂപയും സ്വീകരിച്ചു.










