ഗാലെ: ഒരേ ആക്ഷൻ, പന്ത് റിലീസ് ചെയ്യുന്ന ആംഗിളിലും കാര്യമായ വ്യത്യാസമില്ല. എന്നാൽ കൈവേഗം കുറയ്ക്കാതെയും കൂട്ടാതെയും പന്തിന്റെ വേഗത നിയന്ത്രിച്ച് ബാറ്റർമാരെ കുഴക്കുന്നു. ഒരേ ദിവസം മുഴുവൻ ഈ മികവ് സ്ഥിരതയോടെ ആവർത്തിക്കാനും കഴിയുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിൽ ശ്രദ്ധേയ പ്രകടനവുമായി ഇന്ത്യയുടെ പുതിയ സ്പിൻ സെൻസേഷനായി മാറുകയാണ് മാനവ് സുതാർ.
ടി20 ക്രിക്കറ്റിന്റെ സ്വാധീനത്തിൽ സ്പിന്നർമാർ വ്യത്യസ്ത പരീക്ഷണങ്ങളിലേക്ക് കടക്കുന്ന കാലത്ത് ക്ലാസിക്കൽ സ്പിൻ സമീപനത്തിലൂടെയാണ് മാനവ് ശ്രദ്ധേയനാകുന്നത്. രവീന്ദ്ര ജഡേജ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അക്സർ പട്ടേലിന് ടീമിലെ സ്ഥിരം സ്പിന്നറെന്ന സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. കുൽദീപ് യാദവിന്റെ വിക്കറ്റ് വേട്ടയിലും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മാനവിന്റെ വരവ് ശ്രദ്ധേയമാകുന്നത്.
ഗാലെയിൽ ശ്രീലങ്കയുടെ കേശര നുവാന്തയെ പുറത്താക്കി പത്ത് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയതോടെ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും മാനവ് സ്വന്തമാക്കി. അനിൽ കുംബ്ലെ, ആർ. അശ്വിൻ, ഹർഭജൻ സിങ് തുടങ്ങിയ ഇതിഹാസങ്ങളുടെ പട്ടികയിലാണ് മാനവും ഇടംപിടിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
രണ്ടാം ഇന്നിങ്സിലെ മാനവിന്റെ ആറ് വിക്കറ്റുകളും വ്യത്യസ്ത രീതികളിലായിരുന്നു. പസിന്ദു സൂര്യബന്ദാറ എൽബിഡബ്ല്യുവിലും സോനൽ ദിനുഷ ലെഗ് സ്ലിപ്പിലെ ക്യാച്ചിലുമാണ് പുറത്തായത്. പ്രബാത് ജയസൂര്യയും കേശര നുവാന്തയും ബൗൾഡായപ്പോൾ ലഹിരു കുമാര റിഷഭ് പന്തിന്റെ കൈകളിൽ എഡ്ജ് ചെയ്ത് പുറത്തായി. ലഹിരു ഉദാരയുടെ ക്യാച്ച് ഗള്ളിയിൽ ധ്രുവ് ജുറലാണ് എടുത്തത്.
സൂര്യബന്ദാറയുടെ വിക്കറ്റിൽ മിഡിൽ-ലെഗ് സ്റ്റംപ് ലൈനിൽ ഫ്ലോട്ടഡ് ഡെലിവറിയാണ് മാനവ് എറിഞ്ഞത്. പന്ത് സ്പിൻ ചെയ്യുമെന്ന് കരുതിയ ബാറ്ററുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. പന്ത് റിലീസ് ചെയ്ത അതേ ട്രാജക്ടറിയിൽ മുന്നോട്ടുപോയതോടെ ബാക്ക് ലെഗിൽ തട്ടി എൽബിഡബ്ല്യുവായി. ഫീൽഡ് അമ്പയർ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂവിലൂടെ വിക്കറ്റ് ഉറപ്പിച്ചു.
ദിനുഷയുടെ വിക്കറ്റിലും മാനവിന്റെ വേഗനിയന്ത്രണം നിർണായകമായി. മണിക്കൂറിൽ 87.2 കിലോമീറ്റർ വേഗത്തിൽ ഔട്ട്‌സൈഡ് ലെഗ് സ്റ്റംപ് ലൈനിൽ പിച്ച് ചെയ്ത പന്ത് സ്കോറിങ്ങിനുള്ള അവസരമാണെന്ന് കരുതിയ ദിനുഷയെ ഒരു പിഴവിലേക്ക് മാനവ് നിർബന്ധിച്ചു. ലെഗ് സൈഡിലേക്ക് ക്ലിപ്പ് ചെയ്യാനുള്ള ശ്രമത്തിൽ പന്ത് ഇൻസൈഡ് എഡ്ജ് ചെയ്ത് പാഡിൽ തട്ടി ലെഗ് ഗള്ളിയിൽ ജുറലിന്റെ കൈകളിലെത്തി.
തൊട്ടടുത്ത പന്തിൽ പ്രബാത് ജയസൂര്യയെ പുറത്താക്കിയതും മാനവിന്റെ വേരിയേഷന്റെ ഉദാഹരണമായി. വേഗത 87.2ൽ നിന്ന് 92.7 കിലോമീറ്ററായി ഉയർത്തിയ മാനവ് ലെങ്ത് ഡെലിവറിയിലൂടെ ബാറ്ററെ സമ്മർദത്തിലാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച ജയസൂര്യയുടെ ബാറ്റിനെ മറികടന്ന പന്ത് ഓഫ് സ്റ്റംപിന്റെ ടോപ്പിൽ പതിച്ച് ക്ലീൻ ബൗൾഡായി.
സ്പിന്നർമാർക്ക് അനുകൂലമായ ഗാലെ പിച്ചിൽ വിക്കറ്റ് നേടാൻ ആവശ്യമായ ക്ഷമയും സ്ഥിരതയും മാനവ് കാഴ്ചവച്ചു. പ്രത്യേകിച്ച് സ്ട്രെയ്റ്റർ ഡെലിവറികളിലെ നിയന്ത്രണം ശ്രദ്ധേയമായി. രണ്ട് ടെസ്റ്റുകളിൽ നിന്ന് 17 വിക്കറ്റുകളാണ് മാനവിന്റെ സമ്പാദ്യം. 27.2 ആണ് സ്ട്രൈക്ക് റേറ്റ്, മൂന്നിൽ താഴെയാണ് എക്കോണമി.
രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരുന്ന കാലം മുതൽ തന്നെ രാജസ്ഥാൻ താരമായ മാനവ് സെലക്ടർമാരുടെ ശ്രദ്ധയിലുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാന് വലിയ മുന്നേറ്റം നടത്താനാകാതിരുന്നത് തിരിച്ചടിയായെങ്കിലും വിദേശ പിച്ചുകളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന സ്പിന്നറെന്ന വിലയിരുത്തലാണ് ഒടുവിൽ അവസരത്തിന് വഴിയൊരുക്കിയത്.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ഹർഷ് ദുബെയെ മറികടന്നാണ് ഗൗതം ഗംഭീർ മാനവിൽ വിശ്വാസമർപ്പിച്ചത്. കുൽദീപ് യാദവിനെയും രവീന്ദ്ര ജഡേജയെയും പോലുള്ള താരങ്ങൾക്കിടയിൽ ഇടം നേടുക എളുപ്പമല്ല. എന്നാൽ ഗാലെയിലെ പ്രകടനത്തിലൂടെ ആ വെല്ലുവിളി മറികടക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മാനവ് സുതാർ തെളിയിച്ചിരിക്കുകയാണ്.



