കോഴിക്കോട്: കടം വീട്ടാൻ ബാങ്കിൽ നിന്ന് എടുത്ത രണ്ടേകാൽ ലക്ഷം രൂപ ബേക്കറിയിൽ മറന്നുവെച്ച വടകര സ്വദേശിക്ക് പണം തിരികെ ലഭിച്ചു. ബേക്കറി ഉടമ ഇല്യാസിന്റെ സത്യസന്ധതയാണ് പണം തിരികെ ലഭിക്കാൻ കാരണമായത്. വടകര സ്വദേശി അജീഷ് കഴിഞ്ഞ തിങ്കളാഴ്ച കടം വീട്ടാനായി ബാങ്കിൽ നിന്ന് എടുത്ത പണവുമായി ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ കോഴിക്കോട് പുതിയങ്ങാടിയിലെ റോസ് ബേക്കറിയിൽ ചായ കുടിക്കാൻ കയറി. എന്നാൽ അവിടെ നിന്ന് മടങ്ങുമ്പോൾ പണം അടങ്ങിയ ബാഗ് അവിടെ മറന്നുവെച്ചു.
ബാഗ് ശ്രദ്ധയിൽപ്പെട്ട ബേക്കറി ഉടമ ഇല്യാസ് പരിശോധിച്ചപ്പോൾ അതിൽ വലിയ തുക ഉള്ളതായി മനസ്സിലായി. ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. തുടർന്ന് പണം പോലീസിൽ ഏൽപ്പിക്കാനായി തയ്യാറെടുത്ത ഇല്യാസ് വിവരം വാട്‌സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെച്ചു.
ഇതിനിടെ പണം നഷ്ടപ്പെട്ട അജീഷ് പല സ്ഥലങ്ങളിലും തിരഞ്ഞ് ബേക്കറിയിൽ എത്തി. ബാഗ് അവിടെ തന്നെയുണ്ടെന്ന് ഉറപ്പായതോടെ വലിയ ആശ്വാസം ലഭിച്ചു. പണത്തിന്റെ കണക്കുകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നാട്ടുകാരുടെ സാന്നിധ്യത്തിൽ ബേക്കറി ഉടമ ഇല്യാസ് ബാഗ് അജീഷിന് കൈമാറി.




