കോഴിക്കോട്: കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിൽ വീട്ടുവിട്ടിറങ്ങിയ യുവാവിനെ മണിക്കൂറുകൾക്കകം കണ്ടെത്തി. പുതുപ്പാടി സ്വദേശിയായ നിഷാൽ സൽമാൻ (22) നെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയത്.
കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻതൊടിയിൽ കെ.ടി. സുലൈമാന്റെ മകനാണ് നിഷാൽ. ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബന്ധുക്കളാണ് ബസ് സ്റ്റാൻഡിൽ വച്ച് യുവാവിനെ കണ്ടെത്തിയത്.
കാൻസർ ബാധയെ തുടർന്ന് നിഷാലിന്റെ ഇടത് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. കാലിൽ കണ്ടെത്തിയ രോഗം ശ്വാസകോശത്തേക്കും ബാധിക്കുന്ന സാഹചര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ നിഷാൽ വീടുവിട്ട് പോകാൻ ശ്രമിച്ചതാണെന്ന് പൊലീസ് അറിയിച്ചു.




