കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിലായി. വിശാൽ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരാണ് ബിഹാറിലും ഉത്തർപ്രദേശിലുമായി പൊലീസ് പിടികൂടിയത്.
കൊൽക്കത്തയ്ക്ക് സമീപം ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഐ പേയ്‌മെന്റ് പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചത്. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പൊലീസ് സേനകൾ സംയുക്തമായാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസിലെ മധ്യഗ്രാമിൽ നിന്ന് വെറും 200 മീറ്റർ അകലെവച്ചാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ കാറിനെ അക്രമികൾ റോഡിൽ തടഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു.
ബൈക്കിലെത്തിയ സംഘം വെടിവെപ്പ് നടത്തിയതായും പിന്നാലെ അക്രമികൾ കാറും ബൈക്കും ഉപയോഗിച്ച് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസ ഡാറ്റയും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പിടിയിലായ മൂന്ന് പേരും പ്രൊഫഷണൽ കില്ലർമാരാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ മോഷ്ടിച്ചതും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതുമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.






