വാഷിങ്ടണ്‍: അപരിചിതരിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സാപ്പ്. ‘സ്കാം അലർട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സാപ്പ് വികസിപ്പിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.
അപരിചിതരായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ സംശയാസ്പദമായി തോന്നിയാൽ, ചാറ്റിനുള്ളിൽ തന്നെയുള്ള ഒരു ബാനർ വഴി വാട്സാപ്പ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകും. “ഇതൊരു തട്ടിപ്പായേക്കാം” (This may be a scam) എന്നാവും ഇതിൽ എഴുതിയിട്ടുണ്ടാകുക. ഇത്തരം നമ്പറുകൾ വാട്സാപ്പ് സ്വയം ബ്ലോക്ക് ചെയ്യില്ല. പകരം, ആ സന്ദേശം തട്ടിപ്പാണോ അല്ലയോ എന്ന് സ്വയം തീരുമാനിക്കാൻ ഉപഭോക്താവിന് അവസരം നൽകുന്നതാകും രീതി.
സംശയമുള്ള നമ്പറുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും അല്ലെങ്കിൽ ചാറ്റ് തുടരാനും ഓപ്ഷനുകളുണ്ടാകും. വാട്സാപ്പിന്റെ വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ പോലെ, സന്ദേശങ്ങൾ പരിശോധിക്കുന്നത് ഉപഭോക്താവിന്റെ ഫോണിനുള്ളിൽ വെച്ച് മാത്രമായിരിക്കും. ഈ വിവരങ്ങൾ വാട്സാപ്പിന്റെയോ മറ്റ് കമ്പനികളുടെയോ സെർവറുകളിലേക്ക് അയക്കില്ല.






