കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി. മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം.
പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽനിന്ന് പുറത്താക്കി. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
ശ്രീഹരിയുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ വ്യക്തത ലഭിച്ചതെന്നും തുടർന്ന് നടപടിയെടുത്തതെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ പറഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് കോളേജിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഒരു പൂർവ വിദ്യാർഥിയാണ് അധ്യാപികയെ ഇക്കാര്യം അറിയിച്ചത്.
തുടർന്നുള്ള ദിവസം തന്നെ മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു.















