പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും ഈ കൂട്ടുകെട്ട് കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും, അവരെ സൈബർ ആക്രമണത്തിന് ഇരയാക്കാൻ ആഗ്രഹമില്ലെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ആവേശം ശക്തമായി തുടരുകയാണ്. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി മത്സരിക്കുന്നു. ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നു. ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.






