ന്യൂഡൽഹി: സംസ്‌ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷി നേതാക്കളടക്കം ഇന്ന് ഡൽഹിയിൽ. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇന്ന് ഡൽഹിയിൽ എത്തുന്നത്. മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രുവരി 12ന് അവസാനിക്കാനിരിക്കേയാണ് , ഇങ്ങനെയൊരു ചർച്ച നടത്തുന്നതെന്നാണ് വിവരം. മണിപുർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതു നേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽ വച്ച് പറഞ്ഞു.
ആഭ്യന്തരകലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപുരിൽ രാഷ്ട്രപതിഭരണം നിലവിൽവന്നത്. പിന്നീട് ആറുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു. എല്ലാ എൻഡിഎ സഖ്യകക്ഷികളെയും തിങ്കളാഴ്‌ചത്തെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ബിരേൻ സിങ് പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 മേയ് 3ന് ആരംഭിച്ച മണിപുർ സംഘർഷത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്. എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെത്തുടർന്ന് 2025 ഫെബ്രുവരി 9ന് എൻ. ബിരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകളുണ്ട്. എൻപിപി (7), ജെഡിയു (6), എൻപിഎഫ് (5), കെപിഎ (2), കോൺഗ്രസ് (5) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.










