പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിനാവശ്യമായ ക്വാറം തികയാത്തതിനെ തുടർന്നാണ് പ്രമേയം പരിഗണിക്കാനാകാതെ പോയത്. രണ്ട് സിപിഎം അംഗങ്ങളുടെ നിലപാടാണ് നിർണായകമായത്.
പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളുമുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, സിപിഎം അംഗങ്ങൾ ബിജെപിയെ പിന്തുണയ്ക്കാതെ ചർച്ചയിൽനിന്ന് വിട്ടുനിന്നതോടെ ക്വാറം തികയാതെ പ്രമേയം പരാജയപ്പെടുകയായിരുന്നു.











