പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ താഴ്ന്നുപറന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വ്യോമസേന ഹെലികോപ്റ്ററാണ് നിലയ്ക്കൽ ഹെലിപ്പാഡിന് മുകളിലെത്തിയത്.
ഹെലികോപ്റ്റർ ഹെലിപ്പാഡിൽ ഇറങ്ങുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തങ്ങിയ ശേഷം ഹെലികോപ്റ്റർ തിരിച്ചുപറന്നു. പ്രോട്ടോക്കോൾ പ്രകാരം മുൻകൂർ അറിയിപ്പ് നൽകണമെന്ന നിർദേശം പാലിക്കാതെയാണ് ഹെലികോപ്റ്റർ എത്തിയതെന്നാണ് വിവരം.
2024ൽ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള ശബരിമല പ്രദേശങ്ങൾ നിയന്ത്രിത മേഖലയാണ്. പ്രത്യേക അനുമതിയില്ലാതെ ഇവിടെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹെലികോപ്റ്റർ പറന്നതെന്ന് വ്യോമസേന വിശദീകരിച്ചു. ജടായുപാറ, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയതായി പൊലീസ് അറിയിച്ചു.
എന്നാൽ ഹെലികോപ്റ്റർ എത്തുന്നതിനെക്കുറിച്ച് കേരള പൊലീസിന് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ല. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണ പറക്കലായിരിക്കാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിന് മുമ്പും സന്നിധാനത്തിന് സമീപം ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ തീരസുരക്ഷാ സേനയുടെ CG 821 ഹെലികോപ്റ്റർ സന്നിധാനത്തിന് സമീപം താഴ്ന്നുപറന്നിരുന്നു. കൊടിമരത്തിന് ഏകദേശം അഞ്ച് മീറ്റർ ഉയരത്തിലാണ് അന്ന് ഹെലികോപ്റ്റർ പറന്നതെന്നാണ് റിപ്പോർട്ട്.
ഏകദേശം 30 സെക്കൻഡോളം സന്നിധാനത്തിന് സമീപം പറന്ന ഹെലികോപ്റ്ററിൽ നാലുപേരുണ്ടായിരുന്നു. ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിൽ നടത്തുന്ന നിരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്ന് അന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കൊച്ചി പിആർഒ വിശദീകരിച്ചിരുന്നു.



