തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ മെമ്മോ നൽകി. കറുത്ത ബാഡ്ജ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് (എഎംവിഐ) മെമ്മോ നൽകിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എംവിഐ) നടപടിയിൽ നിന്ന് ഒഴിവാക്കി.
എന്നാൽ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് എഎംവിഐമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്. ഇന്ന് മുതൽ പെറ്റി പിരിവ് നടത്തില്ലെന്നും വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.
KAMVIA, KMVDGOA എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22ന് ഗതാഗത കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴ ചുമത്തിയെന്ന ആരോപണത്തെ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജുവിനെയും ഷം. ഷമീറിനെയുമാണ് സസ്പെൻഡ് ചെയ്തത്.
എന്നാൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടയിലല്ല, അടൂരിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ജീപ്പിന് പിഴ ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സസ്പെൻഷൻ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായത്.












