കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഗൗതം കൃഷ്ണയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും പരമാവധി സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയുള്ള ദിവസങ്ങളിൽ മാത്രമാണ് തിരച്ചിൽ നടത്താൻ കഴിയാതിരുന്നതെന്നും മറ്റ് ദിവസങ്ങളിലെല്ലാം തിരച്ചിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്നും ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി സർക്കാർ പരമാവധി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.











