കുട്ടനാട്: യാത്രാബോട്ടിൽനിന്നു കാൽവഴുതി വെള്ളത്തിൽവീണ പെൺകുട്ടിയെ ജീവനക്കാർ രക്ഷപ്പെടുത്തി. കൈനകരി കെ.ഇ. കാർമൽ സ്കൂളിൽ പഠിക്കുന്ന ഒന്നാംക്ലാസ് വിദ്യാർഥിനി ജിഫ മരിയ തോമസാണ് വീണത്. ബുധനാഴ്ച രാവിലെ 7.50-നായിരുന്നു സംഭവം.
നെടുമുടി ആലപ്പുഴ ആയിരവേലി വഴി സർവീസ് നടത്തുന്ന എസ് 40 നമ്പർ ബോട്ട് എൺപതാംചിറ ബോട്ടു ജെട്ടിയിൽ അടുത്തപ്പോൾ ബോട്ടിൽ അമ്മയോടൊപ്പമുണ്ടായിരുന്ന കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാസ്കർമാരായ സെൽവരാജ്, ജയലാൽ എന്നിവർ വെള്ളത്തിലേക്കു ചാടി. താഴ്ന്നുപോയ കുട്ടിയെ ഇവർ മുങ്ങിയെടുക്കുകയായിരുന്നു. വെള്ളം വയറ്റിൽപ്പോയതൊഴിച്ച് മറ്റ് പരിക്കുകളൊന്നും കുട്ടിക്കുണ്ടായില്ല.
രക്ഷാപ്രവർത്തനത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ പിന്നീട് ചമ്പക്കുളം ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി. രക്ഷാപ്രവർത്തനത്തിൽ ബോട്ട് മാസ്റ്റർ മിഥുൻ പി. മോഹൻ, സ്രാങ്ക് ജെ. അഷ്റഫ്, ഡ്രൈവർ വൈശാഖ്, എന്നിവർ പങ്കാളികളായി.




