തൃശ്ശൂർ: കൊരട്ടി സ്റ്റേഷൻ റൗഡിയും നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയുമായ കൊരട്ടി മേലൂർ കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),, മുളങ്കുന്നത്തുകാവ് ഹൗസിഗ് ബോർഡ് ഹരിത നഗർ സ്വദേശി കണാറ വീട്ടിൽ (ഇപ്പോൾ പെരിങ്ങോട്ടുകര താമസിക്കുന്ന) ലിഷൻ (33) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയിരിക്കുകയാണ് റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ പി ഐ ടി എൻ ഡി പി എസ് നിയമപ്രകാരമുള്ള ഈ വർഷത്തെ ഒമ്പതാമത്തേയും കരുതൽ തടങ്കലാണിത്.
ഷാജി കൊരട്ടി, ചാലക്കുടി, പീച്ചി, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റേഞ്ച് ഓഫീസ് ചാലക്കുടി, എക്സൈസ് റേഞ്ച് ഓഫീസ് അങ്കമാലി എന്നിവിടങ്ങളിലായി കഞ്ചാവ്, എം.ഡി.എം.എ എന്നീ മയക്കു മരുന്നുകൾ കടത്തിയ പതിനൊന്ന് കേസുകളിലും, മയക്കു മരുന്ന് ഉപയോഗിച്ചതിന് ഒരു കേസിലും, നാല് മോഷണക്കേസിലും, പൊതു സമാധാനം നിലനിർത്തുന്നതിനായി ബോണ്ട് വാങ്ങിയ രണ്ട് കേസിലും, പൊതുജനങ്ങൾക്ക് സമാധാന ലംഘനം ഉണ്ടാകാതിരിക്കാൻ അറസ്റ്റ് ചെയ്ത രണ്ട് കേസിലും പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ ഒരു കേസ് അടക്കം നിരവധി ക്രമിനൽ കേസിലെ പ്രതിയാണ്.
ലിഷൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത ഗഞ്ചാവും മറ്റ് രാസ ലഹരികളും എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്. ലിഷൻ 2012 ൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് മാരക രാസ ലഹരിയായ 10.730 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയ കേസിലും, 2025 ൽ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 4.039 കിലോഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും പ്രതിയാണ്. കൂടാതെ തൃശ്ശൂർ മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2015 ൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലും, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസിലും, ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു തട്ടിപ്പ് കേസിലും പ്രതിയുമായിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൺ വി മാർക്കോസ്, കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീശൻ, സിവിൽ പോലീസ് ഓഫീസർ കൃജേഷ്, ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർമാരായ സതീശൻ മടപ്പാട്ടിൽ, മൂസ എം, എ എസ് ഐമാരായ റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് ഇ എ എന്നിവർ പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി.




