ന്യൂഡൽഹി : തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഒരു ക്രൂരമായ അതിക്രമം. ഡൽഹിയിൽ ഉപരിപഠനത്തിനെത്തിയ 19-കാരിയായ ത്രിപുര സ്വദേശിനിയെ ലിവിംഗ് ടുഗദർ പങ്കാളി അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ സുഹൃത്ത് ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ വർഷമാണ് ഒരു ഡേറ്റിംഗ് ആപ്പ് വഴി ശിവത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറിയതോടെ ഇരുവരും ഗുരുഗ്രാമിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ കുറച്ചുനാളുകളായി ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
തർക്കത്തിനൊടുവിൽ പ്രകോപിതനായ ശിവം യുവതിയുടെ ശരീരത്തിൽ സാനിറ്റൈസർ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവൻ നിലനിർത്താനായത്. എങ്കിലും പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ വെച്ച് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.










