മലപ്പുറം: രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കബളിപ്പിക്കൽ മാത്രമാണെന്നും അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. അടുത്ത സർക്കാറിന്റെ തലയിൽ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. 10 വർഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികൾ അവതരിപ്പിക്കാത്ത സർക്കാർ പടിയിറങ്ങുന്ന ഘട്ടത്തിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്.
ജനങ്ങൾക്ക് മുമ്പിൽ നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. ഭരണത്തിൽനിന്ന് ഇറങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് വാഗ്ദാനങ്ങൾ കൊടുക്കുകയാണ്. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ സാധിച്ചിട്ടില്ല എന്ന കുറ്റസമ്മതമാണ് ഈ ബജറ്റ്. ഇപ്പോൾ ക്ഷേമബജറ്റ് പ്രഖ്യാപിച്ചതിന്റെ അർത്ഥം മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയും- അദ്ദേഹം വ്യക്തമാക്കി.






