തിരുവനന്തപുരം: ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി സദാശിവൻ ആണ് മരിച്ചത്. കോവളം–കാരോട് ബൈപ്പാസിലെ പയറുംമൂട് ഭാഗത്തെ ഓടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 27ന് രാവിലെ പത്ത് മണിയോടെ ഉച്ചക്കട വട്ടവിള പ്രദേശത്ത് ടാറിംഗ് ജോലിക്കിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ സദാശിവൻ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് മകൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഓടയിൽ വീണ നിലയിൽ സദാശിവനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




