ഇടുക്കി: ഇടുക്കി അണക്കരയ്ക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ ജീപ്പാണ് അപകടത്തിൽ പെട്ടത്. ജീപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് പോയ ബസിനെയാണ് ജീപ്പ് ഇടിച്ചത്. അപകടസമയത്ത് ജീപ്പിൽ ഇരുപതോളം പേർ ഉണ്ടായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ പുറത്തെടുക്കാൻ വാഹനം വെട്ടിപ്പൊളിക്കേണ്ടി വന്നു.
ആദ്യം പരിക്കേറ്റവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഗുരുതരാവസ്ഥയിലായ ചിലരെ പിന്നീട് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശവാസികളും ബസിലുണ്ടായിരുന്ന യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.






